
പാലക്കാട് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) ലഹരിമരുന്നിന്റെ മൊത്തക്കച്ചവടക്കാരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും ലഹരിമരുന്ന് വിൽപ്പനയുമായി സജീവമാണ്. കേറ്ററിങ് മറയാക്കിയായിരുന്നു ലഹരി വ്യാപാരം.
സരിതയുടെ ഭർത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. സുനിൽ ബോക്സിങ്, കുങ്ഫു താരമാണ്. എംകോം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. ആ പരിചയം വെച്ചാണ് ഇവർ ലഹരിമരുന്നിന്റെ കൂട്ടുകച്ചവടം തുടങ്ങിയത്.
ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു പിടിയിലാകുമ്പോൾ യുവതി പൊലീസിനോടു പറഞ്ഞത്. എന്നാൽ, ലഭിച്ച തെളിവുകളിൽനിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പൊലീസിനു വ്യക്തമായി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.











